കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഡൽഹി ക്യാപിറ്റൽസിന് 18 റൺസ് ജയം. റെക്കോഡ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കൊൽക്കത്ത അവസാനനിമിഷം വരെ പൊരുതിയാണ് കീഴടങ്ങിയത്.

ആദ്യം ബാറ്റ് ചെയ്ത ഡൽഹി ക്യാപിറ്റൽസ് തകർത്തടിച്ച ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെയും പൃഥ്വിഷായുടെയും അർധസെഞ്ചുറികളുടെ മികവിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 228 റൺസാണ് നേടിയത്. ഈ സീസണിൽ ഒരു ടീം നേടുന്ന ഏറ്റവും വലിയ സ്കോർ ആണിത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്തയ്ക്ക് 8 വിക്കറ്റ് നഷ്ടത്തിൽ 210 റൺസ് എടുക്കാനേ സാധിച്ചുള്ളൂ. ഒരു ഘട്ടത്തിൽ വിജയം കൈവിട്ട കൊൽക്കത്ത ഒയിൻ മോർഗന്റെയും രാഹുൽ ത്രിപാഠിയുടെയും അത്ഭുത ബാറ്റിങ്ങിലൂടെ തിരിച്ചുവരികയായിരുന്നു. എന്നാൽ അവസാനഓവറുകളിൽ ഇരുവരുടെയും വിക്കറ്റുകൾ വീണതോടെ കൊൽക്കത്തയുടെ പോരാട്ടം അവസാനിച്ചു.

38 പന്തുകളിൽ നിന്നും 88 റൺസെടുത്ത ശ്രേയസ്സ് അയ്യരാണ് ഡൽഹിയുടെ ടോപ് സ്കോറർ. ഈ സീസണിലെ ഒരു ബാറ്റ്സ്മാന്റെ ഏറ്റവും ഉയർന്ന റൺസും ശ്രേയസ് ഈ മത്സരത്തിലൂടെ സ്വന്തമാക്കി. 66 റൺസെടുത്ത് പൃഥ്വി ഷായും 38 റൺസെടുത്ത് ഋഷഭ് പന്തും അയ്യർക്ക് മികച്ച പിന്തുണയേകി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡൽഹി ക്യാപിറ്റൽസിനുവേണ്ടി ഓപ്പണർമാരായ പൃഥി ഷായും ധവാനും ചേർന്ന് മികച്ച തുടക്കമാണ് ആദ്യ വിക്കറ്റിൽ നൽകിയത്. കൊൽക്കത്ത ബൗളർമാരെ നന്നായി പ്രഹരിച്ച് മുന്നേറുകയായിരുന്ന ഡൽഹിയ്ക്ക് എന്നാൽ സ്കോർ 56-ൽ നിൽക്കെ ആദ്യ വിക്കറ്റ് നഷ്ടമായി. ശിഖർ ധവാനെ വരുൺ ചക്രവർത്തി പുറത്താക്കി. 26 റൺസാണ് ധവാൻ നേടിയത്.

പിന്നാലെ ക്രീസിലെത്തിയ ക്യാപ്റ്റൻ ശ്രേയസ്സ് അയ്യരും ആക്രമിച്ച് കളിക്കാൻ തുടങ്ങിയതോടെ ഡൽഹി സ്കോർബോർഡ് കുതിച്ചു. ഇതിനിടെ പൃഥ്വി ഷാ അർധ സെഞ്ചുറി നേടി. ഈ സീസണിൽ താരം നേടുന്ന ആദ്യ അർധശതകമാണിത്. 41 പന്തുകളിൽ നിന്നും 66 റൺസ് നേടിയാണ് താരം മടങ്ങിയത്. ഇരുവരും ചേർന്ന് 73 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. കഴിഞ്ഞ മത്സരത്തിൽ മികച്ച രീതിയിൽ പന്തെറിഞ്ഞ ശിവം മാവിയും നരെയ്നും കമ്മിൻസുമെല്ലാം ഇത്തവണ നന്നായി റൺസ് വഴങ്ങി.

ഋഷഭ് പന്തും ശ്രേയസ്സും ചേർന്ന് അവസാന ഓവറുകളിൽ വെടിക്കെട്ട് പ്രകടനമാണ് കാഴ്ചവെച്ചത്. അതിനിടയിൽ ശ്രേയസ്സ് അയ്യർ 26 പന്തുകളിൽ നിന്നും അർധ സെഞ്ചുറി നേടി. അർധസഞ്ചുറിയ്ക്ക് ശേഷം സ്കോറിങ് വേഗം കൂട്ടിയ അയ്യർ ഈ സീസണിലെ വിലകൂടിയ താരമായ ഓസ്ട്രേലിയൻ ബൗളർ പാറ്റ് കമ്മിൻസനെയടക്കം പ്രഹരിച്ചു.

ഋഷഭ് പന്തും ആക്രമിച്ച് കളിച്ചതോടെ ഡൽഹി സ്കോർ 200 കടന്നു. ഇരുവരും ചേർന്ന് 72 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. പിന്നാലെ 17 പന്തുകളിൽ നിന്നും 38 റൺസെടുത്ത ഋഷഭ് പന്ത് പുറത്തായി.

കൊൽക്കത്തയ്ക്ക് വേണ്ടി ആന്ദ്രെ റസ്സൽ രണ്ടുവിക്കറ്റുകൾ നേടിയപ്പോൾ വരുൺ ചക്രവർത്തി, കംലേഷ് നാഗർകോട്ടി എന്നിവർ ഓരോ വിക്കറ്റുകൾ വീഴ്ത്തി.

ഡൽഹി ക്യാപിറ്റൽസിനെതിരെ റെക്കോർഡ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് മികച്ച തുടക്കമാണ് ലഭിച്ചത്. ഓപ്പണർ സുനിൽ നരെയ്നിനെ ആദ്യം നഷ്ടപ്പെട്ടെങ്കിലും പിന്നീട് ക്രീസിലെത്തിയ നിതീഷ് റാണയും ശുഭ്മാൻ ഗില്ലും ചേർന്ന് മികച്ച കൂട്ടുകെട്ട് പടുത്തുയർത്തി. ഇരുവരും രണ്ടാം വിക്കറ്റിൽ 60 റൺസ് കൂട്ടിച്ചേർത്തു.

എന്നാൽ ഈ കൂട്ടുകെട്ട് പൊളിച്ച് അമിത് മിശ്ര കളി ഡൽഹിയ്ക്ക് അനുകൂലമാക്കി. 22 പന്തിൽ നിന്നും 28 റൺസെടുത്ത ശുഭ്മാൻ ഗില്ലിനെയാണ് മിശ്ര പുറത്താക്കിയത്.

പിന്നാലെയെത്തിയ റസ്സൽ അടിച്ചു തകർത്തെങ്കിലും അനാവശ്യ ഷോട്ടിന് ശ്രമിച്ച് റബാദയ്ക്ക് വിക്കറ്റ് നൽകി മടങ്ങി. എന്നാൽ ഒരറ്റത്ത് നിതീഷ് റാണ പിടിച്ചുനിന്നു. 35 പന്തിൽ നിന്നും 58 റൺസെടുത്ത റാണയെ ഹർഷൽ പട്ടേൽ പുറത്താക്കി. തൊട്ടടുത്ത പന്തിൽ ക്യാപ്റ്റൻ ദിനേശ് കാർത്തിക്കിനെയും ഹർഷൽ മടക്കി. തുടർച്ചയായ നാലാം മത്സരത്തിലും തിളങ്ങാനാകാതെ കാർത്തിക്ക് ക്രീസ് വിട്ടു.

കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീണതോടെ കൊൽക്കത്ത പ്രതിരോധത്തിലായി. എന്നാൽ വെടിക്കെട്ട് ബാറ്റ്സ്മാൻ ഒയിൻ മോർഗനും രാഹുൽ ത്രിപാഠിയും അവസാന ഓവറുകളിൽ അതിശയിപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ഇരുവരും ചേർന്ന് എഴാം വിക്കറ്റിൽ 78 റൺസാണ് സ്കോർ ചെയ്തത്. 18 ബോളിൽ നിന്നും 44 റൺസ് നേടി മോർഗനും 16 പന്തുകളിൽ നിന്നും 36 റൺസ് നേടി ത്രിപാഠിയും ഡൽഹിയെ വിറപ്പിച്ച് കീഴടങ്ങി. ലോകോത്തര ബൗളറായ റബാദയുടെ ഓവറിൽ മോർഗൻ ഹാട്രിക്ക് സിക്സ് നേടി.

ഡൽഹിയ്ക്ക് വേണ്ടി ആന്റിച്ച് നോർഹെ മൂന്നു വിക്കറ്റെടുത്തപ്പോൾ ഹർഷൽ പട്ടേൽ രണ്ടുവിക്കറ്റെടുത്തു. റബാദ, സ്റ്റോയിനിസ്, മിശ്ര എന്നിവർ ഓരോ വിക്കറ്റുകൾ വീതം നേടി.