കോവിഡ് വാക്‌സിന്‍ വിതരണത്തിനുശേഷം പൗരത്വ നിയമം നടപ്പിലാക്കും - അമിത് ഷാ
                        കൊൽക്കത്ത: സി.എ.എ, എൻആർസി നിയമങ്ങൾ ഇനിയും രൂപപ്പെടുത്തിയിട്ടില്ലെന്നും കോവിഡ് വാക്സിനേഷന് ശേഷം അക്കാര്യം പരിഗണിക്കുമെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ.
                        ബംഗാൾ സന്ദർശനത്തിലുള്ള അമിത്ഷാ, വാർത്തസമ്മേളനത്തിനിടെ പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പട്ട ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു.
                       'സി.എ.എ.നിയമങ്ങൾ ഇനിയും രൂപപ്പെടുത്തിയിട്ടില്ല. കൊറോണവൈറസ് മഹാമാരി കാരണം ഇത്രയും വലിയ പ്രചരണം നടത്താൻ കഴിയില്ല. വാക്സിനേഷൻ പ്രക്രിയ ആരംഭിച്ച് കൊറോണവ്യാപനം അവസാനിച്ചതിന് ശേഷം ഞങ്ങൾ അതിനെ കുറിച്ച് ചർച്ച ചെയ്യും' അമിത് ഷാ പറഞ്ഞു.
                       അടുത്ത വർഷം ജനുവരി മുതൽ സിഎഎ നടപ്പാക്കുമെന്ന് പശ്ചിമംബംഗാളിന്റെ ചുമതലയുള്ള ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ്വർഗിയ രണ്ടാഴ്ച മുമ്പ് പ്രസ്താവന നടത്തിയിരുന്നു.
                       ബംഗാൾ സന്ദർശനത്തിനിടെ തങ്ങളുടെ ദേശീയ അധ്യക്ഷനെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ അക്രമിച്ചതിനെ അപലപിക്കുന്നുവെന്ന് പറഞ്ഞ അമിത് ഷാ ജനാധിപത്യത്തിൽ എല്ലാവർക്കും അവരുടെ അഭിപ്രായങ്ങൾ പറയാൻ അവകാശമുണ്ടെന്ന് ബിജെപി വിശ്വസിക്കുന്നുവെന്നും കൂട്ടിച്ചേർത്തു.
                      'ഇത്തരം ആക്രമണങ്ങളിലൂടെ ബിജെപിയെ അവസാനിപ്പിക്കാമെന്ന തെറ്റായ ധാരണയിലിരിക്കരുതെന്ന് തൃണമൂൽ നേതാക്കൾ ഞാൻ പറയാൻ ആഗ്രഹിക്കുന്നു. പശ്ചിമ ബംഗാളിൽ താവളം സൃഷ്ടിച്ചെടുക്കാൻ ഞങ്ങൾ പ്രവർത്തിക്കും. രാഷ്ട്രീയ അക്രമം ബംഗാളിൽ അതിന്റെ മൂർധന്യാവസ്ഥയിലാണ്. മുന്നൂറിലധികം ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ടു. മരണങ്ങളിലെ അന്വേഷണങ്ങളിൽ പുരോഗതിയില്ല' അമിത് ഷാ പറഞ്ഞു
                       നിങ്ങളെ പരാജയപ്പെടുത്താൻ ആരും ഡൽഹിയിൽ നിന്ന് വരേണ്ടതില്ലെന്ന് ഷാ മമതയോടായി പറഞ്ഞു. 'ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊരിടത്തേക്ക് പോകാൻ കഴിയാത്ത ഒരു രാജ്യം മമത ദീദിക്ക് ആവശ്യമുണ്ടോ? ഇത്തരം യാഥാസ്ഥിതിക ചിന്താഗതി ബംഗാളിലെ ജനങ്ങൾ അംഗീകരിക്കില്ല. ഫെഡറൽ ഘടനയ്ക്ക് വിരുദ്ധമായി ബംഗാളിൽ ഒന്നും ഞങ്ങൾ ചെയ്തിട്ടില്ല' ഷാ പറഞ്ഞു.

ഫാറൂഖ് അബ്ദുളളയുടെ 11.86 കോടി വിലമതിക്കുന്ന സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി
                      ന്യൂഡൽഹി: നാഷണൽ കോൺഫറൻസ് പ്രസിഡന്റ് ഫാറൂഖ് അബ്ദുളളയുടെ 11.86 കോടി വിലമതിക്കുന്ന സ്വത്തുവകകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ജമ്മു കശ്മീർ ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട അഴിമതിക്കേസിനെ തുടർന്നാണ് നടപടി. കേസിൽ ഫാറൂഖ് അബ്ദുല്ല ഉൾപ്പടെ മൂന്നുപേർക്കെതിരേ 2018-ൽ സി.ബി.ഐ. കുറ്റപത്രം സമർപ്പിച്ചിരുന്നു. 2002-11 കാലഘട്ടത്തിൽ 43.69 കോടി രൂപയുടെ തിരിമറി നടത്തിയതായാണ് കുററപത്രം.

കർഷക സമരം 25ാം ദിവസത്തിലേക്ക്; സമവായ നീക്കങ്ങളോട് സഹകരിക്കണമെന്ന് പ്രധാനമന്ത്രി
                      കേന്ദ്രം നടപ്പാക്കിയ കാർഷിക പരിഷ്കരണ നിയമങ്ങൾക്കെതിരായ പ്രതിഷേധം 25ാം ദിവസത്തിലേക്ക്. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സമരം കൂടുതല്‍ ശക്തമാക്കാന്‍ ആണ് സംഘനകളുടെ ഉദ്ദേശം. എന്നാൽ നിയമം പിൻവലിക്കില്ലെന്ന് ആവർത്തിക്കുകയാണ് പ്രധാനമന്ത്രി. പുതിയ നിയമത്തിൽ തുറന്ന ചർച്ചയ്ക്ക് തയ്യാറാണെന്ന കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമറിന്‍റെ ശ്രമത്തെ പരാമർശിച്ച പ്രധാനമന്ത്രി, അനുനയ നീക്കം എല്ലാ കർഷകരും കാണണമെന്ന് ട്വിറ്റിലൂടെ അഭ്യർത്ഥിച്ചു. മലയാളം അടക്കം വിവിധ പ്രാദേശിക ഭാഷകളിലായിരുന്നു പ്രധാനമന്ത്രിയുടെ ട്വിറ്റ്.
                      സുപ്രീംകോടതി നിലപാടുകളിൽ അഭിഭാഷകരിൽ നിന്നും ഉപദേശം തേടിയ ശേഷം തീരുമാനം കൈക്കൊള്ളുമെന്ന് കർഷക സംഘടനകൾ വ്യക്തമാക്കിയിട്ടുണ്ട്. എല്ലാവർക്കും സ്വീകാര്യമായ പരിഹാരം മുന്നോട്ട് വെക്കട്ടെ എന്നതാണ് സുപ്രീംകോടതി നിർദേശം. കോടതി ഇടപെടൽ ഉണ്ടായില്ലെങ്കിൽ നിയമം പിൻവലിക്കുന്നത് വരെ സമരം തുടരാനാണ് കർഷക സംഘടനകളുടെ തീരുമാനം..

ലോകത്തെ ഏറ്റവും വലിയ മൃഗശാല നിർമ്മിക്കാനൊരുങ്ങി അംബാനി ഗ്രൂപ്പ്
                      അഹമ്മദാബാദ് : ലോകത്തെ ഏറ്റവും വലിയ മൃഗശാല നിർമ്മിക്കാൻ ഒരുങ്ങി മുകേഷ് അംബാനിയുടെ റിലയൻസ് ഗ്രൂപ്പ്. ഗുജറാത്തിലെ ജാംനഗറിലാണ് മൃഗശാല തുടങ്ങുന്നത്. ഇന്ത്യയിലെയും ലോകത്തിലെയും നൂറോളം ഇനങ്ങളില്‍പെട്ട മൃഗങ്ങളും പക്ഷികളും ഉരഗങ്ങളും ഇവിടെയുണ്ടാകുമെന്നാണ് അവകാശവാദം
                      റിലയൻസ് ചെയർമാൻ മുകേഷ് അംബാനിയുടെ ഇളയ മകൻ ആനന്ദ് അംബാനിയാണു മൃഗശാലയുടെ അമരക്കാരൻ. ജാംനഗർ മോട്ടി ഖാവിയിലെ റിഫൈനറി പ്രൊജക്ടിന് അരികിലായി 280 ഏക്കറിലാണു മൃഗശാല ഒരുക്കുകയെന്നു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ലോകത്തിലെ വലിയ എണ്ണശുദ്ധീകരണ ശാലയാണു മോട്ടി ഖാവിയിലേത്. കോവിഡ് കാരണമാണു പദ്ധതി നീണ്ടതെന്നും രണ്ടു വർഷത്തിനകം പൊതുജനങ്ങൾക്കു തുറന്നു കൊടുക്കുമെന്നും കമ്പനിയിലെ മുതിർന്ന എക്സിക്യുട്ടീവ് പറഞ്ഞു.

ബിജെപി മുൻ എംഎൽഎ വെടിയുണ്ടകളുമായി പിടിയിൽ
                      ബംഗളൂരു: ബിജെപി മുൻ എംഎൽഎ മാനപ്പ ഡി.വജ്ജൽ വെടിയുണ്ടകളുമായി പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. വിമാനത്താവളത്തിൽ വച്ചാണ് മാനപ്പയെ പിടികൂടിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഹൈദരാബാദിൽ നിന്നെത്തിയ മാനപ്പയുടെ ഹാൻഡ് ബാഗ് സ്കാൻ ചെയ്യുന്നതിനിടെയാണ് 16 വെടിയുണ്ടകൾ കണ്ടെടുക്കുകയുണ്ടായി. സംഭവത്തിൽ സിഐഎസ്എഫ് കസ്റ്റഡിയിലെടുത്തു വിമാനത്താവള പോലീസിനു കൈമാറി

കോവിഡ് ഭീതി; അടുത്ത ആറ് മാസം കൂടി നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം
                      മുംബൈ; സംസ്ഥാനത്ത് അടുത്ത ആറ് മാസം കൂടി എല്ലാവരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നിർദ്ദേശിക്കുകയുണ്ടായി. കര്‍ഫ്യൂ, ലോക്ക്ഡൗണ്‍ തുടങ്ങിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ടെങ്കിലും അത് വേണ്ട നിലപാടിലാണ് സര്‍ക്കാരെന്നും ഉദ്ധവ് പറയുകയുണ്ടായി.
                      സംസ്ഥാനത്ത് കൊറോണ വൈറസ് രോഗ വ്യാപനം നിയന്ത്രിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ പൂര്‍ണമായി കോവിഡിനെ ഇല്ലാതാക്കാന്‍ കഴിഞ്ഞിട്ടില്ല. പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കുന്നത് ഒരു ആറ് മാസത്തേക്കെങ്കിലും ശീലമാക്കണമെന്ന് താക്കറെ പറഞ്ഞു.

ചെന്നൈ വിമാനത്താവളത്തില്‍ നിന്ന് 87 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി
                      ചെന്നൈ: ചെന്നൈ വിമാനത്താവളത്തില്‍ വീണ്ടും സ്വർണവേട്ട. 87 ലക്ഷം രൂപ വിലവരുന്ന 1.7 കിലോ ഗ്രാം സ്വര്‍ണം പിടികൂടിയിരിക്കുന്നു. ദുബായില്‍ നിന്നും ചെന്നൈയിലേക്ക് വന്ന എയര്‍ ഇന്ത്യാ എക്‌സ്‌പ്രസിന്‍റെ റസ്‌ക്യൂ വിമാനത്തില്‍ എത്തിയവരില്‍ നിന്നാണ് കസ്റ്റംസ് സ്വര്‍ണം കണ്ടെത്തിയിരിക്കുന്നത്.
                     സംഭവത്തില്‍ അഞ്ച് പേരെ കസ്റ്റംസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. ബിസ്‌കറ്റ് രൂപത്തിലും മിശ്രിത രൂപത്തിലുമുള്ള സ്വര്‍ണമാണ് പിടികൂടിയത്. അടിവസ്‌ത്രത്തിലും പാന്‍റ്സിന്‍റെ പോക്കറ്റിലും കാല്‍പാദത്തിലും ഒളിപ്പച്ച രീതിയിലാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചിരിക്കുന്നത്. സംഭവത്തില്‍ കസ്റ്റംസ് കേസെടുത്ത് അന്വേഷണം തുടങ്ങിയതായി അറിയിച്ചു.